Wednesday, 29 July 2015

മാടപ്പ്രാവുകൾ മാടി വിളിക്കുന്ന ഓർമ്മകൾ


പറുദീസയിലെ പക്ഷികള്‍ തട്ടിയെടുക്കാത്ത കൈകളിലെ വന്നിരിക്കൂഎന്ന് ജോണ്‍ ബെറി എഴുതിയിട്ടുണ്ട്. അതുകൊണ്ടാണോ എന്നറിയില്ല ഒരു പ്രാവിനെ പിടിച്ചു വളര്‍ത്തണമെന്ന എന്‍െറ ബാല്യകാലാഭിലാഷം ഇന്നും സക്ഷാത്ക്കരിക്കാതെ കിടക്കുന്നത് . സ്കൂള്‍ വിദ്യാര്‍ഥി ആയിരിക്കെ പ്രാവിനെ പിടിക്കാൻ  പല തന്ത്രങ്ങളും കെണികളും ഉപയോഗിച്ചെങ്കിലും ഒരു പ്രാവും വഴങ്ങിയില്ല. അങ്ങനെയിരിക്കെയാണ് ഒരവസരം വീണു കിട്ടിയത്. അയല്‍വാസിയായ അബ്ദുറഹിമുക്ക ഒരു ദിവസം എന്നെ വേലിക്കടുത്തേക്ക് വിളിച്ചിട്ട് എന്റെപ്രാവ് നിങ്ങളുടെ പറമ്പിലേക്ക് കടന്നിട്ടുണ്ട് അതിനെയെടുത്തു താഎന്ന് പറഞ്ഞു. വേലിയുടെ മറുഭാഗത്താണ് അദ്ദേഹം നിന്നിരുന്നത് . ഞാന്‍ നോക്കിയപ്പോള്‍ നല്ല ഭംഗിയുള്ള പ്രാവ് പക്ഷെ പറന്നു പോകാതിരിക്കാന്‍ അതിന്‍െറ ചിറകുവെട്ടിയിരുന്നു. എന്‍െറ കാലിനു തൊട്ടടുത്തുള്ള പ്രാവിനെ നോക്കി ഞാന്‍ പറഞ്ഞു: ഇവിടെ ഒരു പ്രാവും കാണുന്നില്ല’. ശുദ്ധനുണ എന്നല്ലാതെ എന്ത് പറയാന്‍. പല പ്രാവശ്യം അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചുവെങ്കിലും ഞാൻ  നിലപാടിൽ  ഉറച്ചു നിന്നു. കാരണം എന്‍െറ ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കാൻ വീണു കിട്ടിയ ഒരവസരമായിരുന്നു അത്. മറ്റു പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഉള്ള തന്‍േറടം അന്നില്ലായിരുന്നു. അത്ഭുതത്തോടെ എന്‍െറ മുഖത്തേക്ക് നോക്കിയിട്ട് വീട്ടിലേക്കു മടങ്ങുമ്പോൾ  ഞാന്‍ പറയുന്നത് സത്യമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു . പ്രാവിനെ എടുത്തു എന്‍െറ വീട്ടിൽ  ഒരിടത്ത് സൂക്ഷിച്ചു വെച്ച് പ്രാവിനെ കിട്ടിയിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കാൻ ഞാൻ കൂട്ടുകാരാൻ  അബൂബക്കറിന്റെ   അടുത്തേക്ക് ഓടി. വീട്ടു മുറ്റത്തെ കശുമാവിന്‍ കൊമ്പിൽ  കയറി ഇരിക്കുകയായിരുന്നു അബൂബക്കര്‍ . അബൂബക്കറേ, നമുക്കൊരു പ്രാവിനെ കിട്ടിയിരിക്കുന്നുഎന്ന് ഞാന്‍ പറഞ്ഞപ്പോൾ  സന്തോഷാധിക്യത്താല്‍ പെട്ടെന്ന് ആൾ  താഴോട്ട് ചാടി. പിന്നെ ഒന്നും മിണ്ടുന്നില്ല. എന്‍െറ മുഖത്തേക്ക് തുറിച്ചുനോക്കി ഒരേയിരിപ്പ്. കുറെ വിളിച്ചു നോക്കി അനക്കമില്ല. അന്തം വിട്ടു പോയി ഞാന്‍. കുറച്ചു നേരം കഴിഞ്ഞു സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്‍െറ ശ്വാസം നേരെ വീണത്. സന്തോഷവും ചാടലും കൂടി ഒന്നിച്ചായപ്പോൾ അബൂബക്കറിന് സംസാര ശേഷി കുറച്ചു നേരത്തേക്ക് നഷ്ടപ്പെട്ടതായിരുന്നു. എഴുന്നേറ്റ് എന്‍െറ കൂടെ പ്രാവിനെ കാണാന്‍ വന്നു. അപ്പോഴേക്കും അബ്ദുറഹിമുക്ക വീട്ടിൽ  വന്ന് ഉപ്പാനെ കണ്ടു തൊണ്ടി മുതൽ കൊണ്ടുപോയിരുന്നു.
സംസാര ശേഷി നഷ്ടപ്പട്ട സംഭവം പില്‍ക്കാലത്ത് നാട്ടിൽ അബൂബക്കര്‍ ഹാജിയെ സന്ദര്‍ശിച്ചപ്പോൾ  ഭാര്യയുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. വെളുത്തു വെള്ളക്കാരെപ്പോലെയിരുന്ന സുന്ദരനായ അബ്ദുറഹിമുക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂ.എ.ഇയില്‍ ജോലിസ്ഥലത്ത് ഒരപകടത്തില്‍ പെട്ട് മരിച്ചു . ജീവിച്ചിരുന്നെങ്കിൽ  കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കാമായിരുന്നു. എന്‍െറ ബന്ധു വിവാഹം കഴിച്ച അദ്ദേഹത്തിന്‍െറ മകളെ കാണുമ്പോൾ ഇന്നും ഒരു ചെറിയ ചമ്മലോടെ സംഭവം ഓര്‍മ്മ വരും.
ദോഹയില്‍ രാവിലെ ഓഫീസിൽ പോകാൻ പുറത്തിറങ്ങുമ്പോൾ മിക്ക ദിവസങ്ങളിലും കണി കാണുന്നത് അരിപ്രാവുകളെയാണ്. അവയുടെ പേരില്‍ എന്ന പോലെ രൂപത്തിലും ലാളിത്യം നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിനടുത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാന്‍ മുന്‍സിപാലിറ്റി വെച്ചിട്ടുള്ള കണ്ടെയ്നറിൽ നിന്ന് തെറിച്ചു വീഴുന്ന ഭക്ഷണ തരികള്‍ അവ കൊത്തി തിന്നുന്നത് കാണാം. ഇതും ആര്‍ക്കും വേണ്ടാതെ മണ്ണില്‍ കിടക്കുന്ന ഉണങ്ങിയ ധാന്യ മണികളും മാത്രം മതി ഇവക്ക് വിശപ്പടക്കാന്‍. മനുഷ്യര്‍ വലിച്ചെറിയുന്ന റൊട്ടിയും ചോറും ഇറച്ചിയും അവര്‍ക്ക് വേണ്ട. അവ ഭക്ഷിക്കാന്‍ പൂച്ചകൾ കാത്തിരിപ്പുണ്ട് .ജീവന്‍ പണയം വെച്ചുള്ള ഏര്‍പ്പാടാണ് ഈ പാവം പക്ഷികളുടെത്. തൊട്ടടുത്ത് പൂച്ചകള്‍ കുടുംബ സമേതം തക്കം നോക്കി നില്‍ക്കുകയാണ്. കണ്ണ് തെറ്റിയാല്‍ ജീവന്‍ പോകും. കുറച്ചു നേരമെങ്കിലും അവയെ നോക്കി നില്‍ക്കാന്‍ തോന്നും പതിയിരിക്കുന്ന പൂച്ചകളുടെ ആക്രമണത്തില്‍ നിന്ന് അവയെ രക്ഷിക്കണമെന്ന പ്രാര്‍ഥനയോടെ.
ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മനുഷ്യജീവികൾ വാഹനങ്ങളിൽ നിന്നും ഹെലികോപ്ടറുകളില്‍ നിന്നും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണ പൊതികള്‍ക്കുവേണ്ടി പോരാടുന്ന ദൃശ്യങ്ങൾ വാര്‍ത്താ ചാനലുകളിലൂടെ കാണുമ്പോള്‍, ’എന്തൊക്കെയായാലും പറവകളെ നിങ്ങളെത്ര ഭാഗ്യവാന്മാര്‍ എന്ന് ഇവയെ നോക്കി പറയാൻ  തോന്നും.
പ്രാവുകള്‍ പൊതുവെ സൗമ്യതയുടെ പ്രതീകമാണെന്ന് തോന്നാറുണ്ട്. പണ്ട് പണ്ട് ഞണ്ട് മുണ്ടുടുക്കുന്ന കാലത്ത് ഒരു ആണ്‍ പ്രാവ് പച്ച പയറ് മണികള്‍ കൊണ്ട് വന്ന് തന്‍െറ സഹധര്‍മിണിയെ വറുക്കാന്‍ ഏല്‍പ്പിച്ചുവത്രെ. പുറത്തു പോയി തിരിച്ചു വന്നപ്പോൾ പയറ് കുറഞ്ഞതായി കണ്ടു അവള്‍ തിന്നു കളഞ്ഞതാണെന്ന് കരുതി അതിനെ കൊത്തി കൊല്ലുകയും ചെയ്തു. പിന്നീട് പയറ് കുറഞ്ഞതല്ല, വറുത്തപ്പോള്‍ ചുരുങ്ങിയതാണ് എന്ന സത്യം മനസിലാക്കിയപ്പോള്‍ മുതൽ   പശ്ചാതാപത്താൽ കരയാൻ  തുടങ്ങി. അതുകൊണ്ടാണ് ആണ്‍ പ്രാവുകൾ എപ്പോഴും കുറു കുറു ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് മുത്തശ്ശി കഥ .
ചിലപ്പോള്‍ ഇവിടെ മറ്റിനം പ്രാവുകളും എത്താറുണ്ട്. അപ്പോള്‍ ഒരു ബഹളമായിരിക്കും. സമാധാനത്തിന്‍െറ ചിഹ്നമായ വെള്ള പ്രാവുകളും, കഴുത്തിന് ചുറ്റും തിളങ്ങുന്ന മയില്‍പ്പീലി പോലുള്ള തൂവലുള്ള പ്രാവുകളും അവയില്‍ പെടും. ഇത്തരം പ്രാവുകളുടെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമ്രമുഖിയും ലജ്ജാവതിയുമായ പുതുമണവാട്ടി നടന്നു നീങ്ങുന്നത് പോലെ തോന്നും. അവയുടെ കഴുത്തിലെ വര്‍ണ ശബളമായ തൂവലുകൾ  മണവാട്ടിയുടെ കഴുത്തില്‍ അണിഞ്ഞ രത്നം പതിച്ച കണ്ഠാഭരണം പോലെയും. കൂടാതെ കണ്‍മഷി എഴുതിയ മിഴികളുള്ള മൈനകളും എത്താറുണ്ട്. കുരുവികളും അവരോടൊപ്പം കൂടാറുണ്ട്. കുരുവികളെ കാണുമ്പോള്‍ മുമ്പ് മറ്റൊരിടത്ത് താമസിച്ചിരുന്നപ്പോൾ എയര്‍ കണ്ടീഷനറുകളിൽ കൂട് കൂട്ടിയിരുന്ന ഇവരുടെ മുന്‍ഗാമികളെ ഓര്‍മ വരും. സൂര്യന്‍ ഉദിക്കും മുമ്പ് തന്നെ അവ ശബ്ദമുണ്ടാക്കാന്‍ തുടങ്ങുമായിരുന്നു. പലപ്പോഴും അവയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണരാറ്. ശരിക്കും മനസിന് ആശ്വാസം നല്കുന്ന രാഗമായിരുന്നു അവയുടെ ശബ്ദം. സുപ്രഭാതവും ശുഭ ദിനവുമാണ് അവരെനിക്ക് നേര്‍ന്നിരുന്നത്. അവരുടെ അഭാവം ഞാനിന്നനുഭവിക്കുന്നു.
കൂട്ടിലടച്ച കിളികളെ, പ്രത്യേകിച്ച് തത്തയെ കാണുമ്പോള്‍ അഞ്ചേകാല്‍ പതിറ്റാണ്ട് മുമ്പ് യു. പി സ്കൂളില്‍ പഠിച്ച വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെഎന്ന ബാലാ മണി അമ്മയുടെ കവിതയിലെ വരികള്‍ ഓര്‍മ്മ വരും. അതോടൊപ്പം നിഷ്കളങ്കതയുടെ പ്രതീകമായ അവരുടെ മുഖവും. ആറാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നെങ്കിലും മനസില്‍ തട്ടിയ വരികളായിരുന്നു അവ. കൂട്ടിലടക്കപ്പെട്ട പക്ഷിയുടെ വേദന അന്നത്തെ ഈ ബാലനും പങ്കുവെച്ചിരുന്നു. അതോടൊപ്പം എല്ലാ വര്‍ഷവും പ്രസവാവധി എടുക്കാറുള്ള നിറ വയറോടെ ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്ന മലയാളം അധ്യാപികയുടെ വിഷമവും. മദ്യപാനിയായ പട്ടാളക്കാരന്‍ ഭര്‍ത്താവിന്‍െറ അടിയും തൊഴിയും ഏറ്റിരുന്ന അവരെ കാണുമ്പോള്‍ വല്ലാത്ത വിഷമമായിരുന്നു. നാട്ടില്‍ പോവുമ്പോൾ  അവരുടെ മക്കളെ കാണുമ്പോള്‍ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നു ഞാന്‍ അഭിമാന പൂര്‍വം അവരോടു പറയാറുണ്ട്
ഇന്ന് കുറച്ചു കൂടി വിശാലമായി ചിന്തിച്ചാല്‍ ലോകത്തിന്‍െറ നാനാ ഭാഗങ്ങളില്‍ കാരാഗ്രങ്ങളിൽ    വെളിച്ചം കാണാതെ കഴിയുന്ന മനുഷ്യാത്മാക്കളുടെ വികാരമാണ് ബാലാമണിയമ്മ പ്രകടിപ്പിച്ചതെന്ന് പറയാം. നാലാപ്പാട്ട് തറവാടും നീര്‍മാതളവും എന്‍െറ ഗ്രാമത്തിനടുത്താണ്. ആകാശത്തിലൂടെ കണ്ണെത്താത്ത ദൂരത്ത് പറന്നു പോവുന്ന പക്ഷക്കൂട്ടങ്ങളെ കണ്ടിട്ടില്ലേ. എത്ര രസകരമാണ് അവയെ നോക്കി നില്‍ക്കാന്‍. ഉയരത്തില്‍ പറന്നു പറന്നു അവ അപ്രത്യക്ഷമാവുന്ന കാഴ്ച മനസ്സിന് എത്ര സുഖകരം. അത്ര സ്വാതന്ത്ര്യം ഭൂമിയില്‍ ആരും അനുഭവിക്കുന്നില്ല എന്ന് തോന്നി പോവും. ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്നാണല്ലോ ബൈബിള്‍ വാക്യം.
എന്‍െറ ഉമ്മ കോഴികളെ പോലും കൂട്ടിലടച്ച് വളർത്താൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. കൂട്ടിലടച്ച കോഴികളെ കാണുമ്പോള്‍ ശ്വാസം മുട്ടുന്നത് പോലെയായിരുന്നു ഉമ്മാടെ പെരുമാറ്റം. വേഗം കൂട് തുറന്നു വിടും. കീരിയും മറ്റും പിടിക്കാതിരിക്കാനാണ് എന്ന് പറഞ്ഞാലും അവര്‍ സമ്മതിക്കില്ല. കീരി പിടിച്ചാലും അത് കൂട്ടില്‍ അടയ്ക്കപ്പെടുന്നതിനേക്കാള്‍ ഉത്തമം ആണെന്ന് അവര്‍ പറയുമായിരുന്നു.
ഒരിക്കല്‍ നാട്ടില്‍ പോയപ്പോൾ ബന്ധു വീട്ടിന്‍െറ വരാന്തയുടെ മേല്‍ക്കൂരയില്‍ നിന്ന് ഒരു കിളിക്കൂട് തൂങ്ങിക്കിടക്കുന്നത് കണ്ടു. സൂചിമുഖിക്കുരുവിയുടെതാണ് അതെന്നു വീട്ടുകാര്‍ പറഞ്ഞു . ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോഴും യാതൊരു ഭയവുമില്ലതെ പക്ഷി പറന്നു വന്നു അതിന്‍െറ കുട്ടികളെ തീറ്റുന്ന രംഗം രസമായിരുന്നു. കയ്യെത്തും ദൂരത്തായിരുന്നു സൂചിമുഖിയുടെ കൂട്. പൂക്കളില്‍ നിന്ന് ശേഖരിക്കുന്ന തേനാണ് ഇവയുടെ ഭക്ഷണമെന്നു മനസ്സിലായി ഈ പക്ഷി തേന്‍ കുടിക്കുന്ന രംഗം കണ്ടിരുന്നെങ്കിൽ  എന്ന് അപ്പോള്‍ ആഗ്രഹിച്ചു പോയി വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടു വളപ്പിലെ മലവണ്ണന്‍ എന്ന് ഞങ്ങളുടെ പ്രദേശത്തു അറിയപ്പെട്ടിരുന്ന നെയ് വാഴകള്‍ കുലക്കുമ്പോൾ വവ്വാലുകൾ രാത്രി കാലങ്ങളില്‍ തേന്‍ കുടിക്കാൻ  വന്നിരുന്നത് അപ്പോൾ ഓര്‍മ വന്നു. സ്കൂളിനടുത്തുള്ള ആല്‍മരത്തില്‍ തൂങ്ങി കിടന്നു വവ്വാലുകള്‍ കശപിശ കൂടുന്നതും ശബ്ദമുണ്ടാക്കുന്നതും ഞങ്ങൾ വിദ്യാര്‍ഥികള്‍ കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. ഇന്ന് ഒറ്റ നെയ്‌ വാഴ    പോലും വീട്ടു വളപ്പിലില്ല. അതുപോലുള്ള പഴ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി പരിപാലിച്ചിരുന്ന മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതൊക്കെ ശ്രദ്ധിക്കാൻ ഞങ്ങൾ   മക്കള്‍ക്ക് എവിടെ സമയം. ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടമല്ലേ .അതിനിടയില്‍ അമൂല്യങ്ങളായ പലതും നഷ്ടപ്പെട്ടിരിക്കുന്നു . വവ്വാലുകളുടെ അഭയ സങ്കേതമായ ആല്‍ മരം നിന്നിരുന്ന സ്ഥലത്ത് കോണ്‍്ക്രീറ്റ് സൗധങ്ങളാണ് ഇന്ന് നില കൊള്ളുന്നത്. രാത്രി കാലങ്ങളില്‍ പറന്നു നടക്കാറുള്ള വവ്വാലുകളെ കാണാതായിരിക്കുന്നു.
ദോഹയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരിക്കൽ  ലോക പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോയുടെ ബ്ളോഗ് സന്ദര്‍ശിച്ചപ്പോൾ അലിഫ് എന്ന ഗ്രന്ഥത്തിന്‍െറ പ്രകാശനവുമായി ബന്ധപ്പെട്ടു നടത്തിയ സംഗീത മത്സരത്തിന്‍െറ ഒരു വീഡിയോ കാണാനിടയായി . അതിലൊരു സംഗീതത്തിന്‍െറ പശ്ചാത്തലം പൊട്ടി വിടരുന്ന സൂര്യ കാന്തി പൂവും ആകാശത്ത് പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങളും മഞ്ഞു മൂടിയ മലകളും ആഴക്കടലിലെ അത്ഭുതങ്ങളും നൃത്തം ചെയ്യുന്ന കുരങ്ങുകളും വെള്ളത്തിനടിയില്‍ മൊസൈക്ക് പണിയുന്ന മത്സ്യങ്ങളും കപ്പല്‍ പോലെ കടലിലൂടെ നീങ്ങുന്ന തിമിംഗലവും മഞ്ഞിന്‍ കട്ടകകള്‍ക്കിടയില്‍ നിന്ന് വിരിഞ്ഞിറങ്ങുന്ന കടലാമ കുട്ടികളും ആകാശത്തോളം തല ഉയര്‍ത്തി നില്ക്കുന്ന ജിറാഫുകളുമായിരുന്നു. നല്ലൊരു കാഴ്ചയും സംഗീത സദ്യയും വിരുന്നുമായിരുന്നു അത്. ഞാന്‍ നോക്കുമ്പോള്‍ൾ അതില്‍ അതാ വായുവില്‍ ചിറകടിച്ചു നിന്ന് ചെമ്പരത്തി പൂവില്‍ നിന്ന് തന്‍െറ നീണ്ടു വളഞ്ഞ കമ്പി പോലുള്ള കൊക്ക് കൊണ്ട് സൂചിമുഖി തേന്‍ ഊറ്റി ഊറ്റി കുടിക്കുന്നു . വിവരണാതീതമായ ഒരു രംഗമായിരുന്നു അത്. ദൈവം കാരുണ്യവാനാണ് അവന്‍ നമുക്ക് പ്രകൃതിയോട് ഇണങ്ങുന്ന ആത്്മാവിനെ നല്‍കിയിരിക്കുന്നുഎന്നാണ് ഒരാള്‍ വിഡിയോ കണ്ടശേഷം അഭിപ്രായം എഴുതിയത്. മനശ്ശാന്തി നൽകുന്ന  സംഗീതമായിരുന്നു അത്. ആ സംഗീതം വീണ്ടും വീണ്ടും കേള്‍ക്കാനും അതിന്‍െറ പശ്ച്ചാത്തലം ഇടയ്ക്കിടെ വീക്ഷിക്കാനും ആര്‍ക്കും തോന്നിപ്പോവും
മാധ്യമം ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ലേഘനം

No comments:

Post a Comment