Sunday, 1 June 2014

ഓർമ്മയുടെ കടൽപ്പരപ്പിൽ


എഴുപതുകളുടെ ആദ്യത്തില്‍ ചാവക്കാടിനടുത്ത്‌ എടക്കഴിയൂർ സീതി സാഹിബ്‌ മെമ്മോറിയൽ ഹൈസ്ക്കൂളിൽ  അറബി അധ്യാപകനായി  ജോലിനോക്കുമ്പോള്‍   നാട് വിടണം എന്നതായിരുന്നു ലക്ഷ്യം. 110 രൂപയില്‍ തുടങ്ങി 450 വരെയായിരുന്നു  ശമ്പളം കിട്ടിയിരുന്നത്   വളരെ ക്ലേശം അനുഭവിച്ചു എന്നെ  പഠിപ്പിച്ച എന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലും ആവണമെന്ന് മാത്രമായിരുന്നു  എന്റെ ഉദ്ദേശ്യം ..10  ക്ലാസ് കഴിഞ്ഞ ഉടനെ പല സുഹൃത്തുക്കളും ബന്ധുക്കളും അവരില്‍ പലരും എന്നേക്കാള്‍ സാമ്പത്തികമായി ഉയർന്നവരായിട്ടും ദുബൈ കുവൈറ്റ്‌ ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് പോയിരുന്നു. എന്നെപ്പോലെ ഉപരി പഠന സാഹസത്തിനു  അവര്‍ മിനക്കെട്ടില്ല. നാല്  കാശുണ്ടാക്കണം എന്ന  പ്രായോഗിക ചിന്തയാണ് അവര്‍ക്കുണ്ടയിരുന്നത്.  കുടുംബത്തിനു ഒരു ഭാരമായി അഞ്ചു കൊല്ലം  ഫാറൂക്ക്  കോളേജില്‍ പഠിച്ചത് ശരിയായില്ല എന്ന തോന്നല്‍ എന്നെ അലട്ടിയിരുനൂ.

   ഇന്നത്തെപ്പോലെ വ്യാപകമായി  പഞ്ചായത്ത്  റോഡുകൾ അന്നുണ്ടായിരുന്നില്ല  . ഉൾ  പ്രദേശത്തു   താമസിക്കുന്നവർ  നടന്നു വേണം അവരുടെ വീടുകളിലെത്താൻ  പേർഷ്യക്കാർ കാറിൽ വന്നിറങ്ങി  പെട്ടിയും സാമഗ്രികളുമായി പോവുന്നത് ഗ്രാമീണർ കൌതുകത്തോടെ  നോക്കി നിൽക്കുമായിരുന്നു .അവരുടെ ആഗമനം ഐശ്വര്യത്തിന്റെ ലക്ഷണമായാണ്  ഗ്രാമീണർ   കണ്ടിരുന്നത് ഗൾഫ് യാത്രക്കാർ  അന്ന് കുറവായിരുന്നല്ലോ   കോളേജു പൂട്ടിയാൽ    എന്റെ പുസ്തകങ്ങളും  വസ്ത്രങ്ങളും  നിറച്ച ഇരുമ്പു   പെട്ടിയുമായി ഞാനും വീട്ടിലേക്കു നടന്നു പോവുമായിരുന്നു. അപ്പോൾ  ഗൾഫുകാരെപ്പോലെ  വന്നിറങ്ങി വീട്ടുകാരെയും നാട്ടുകാരെയും സന്തോഷിപ്പി ക്കേണ്ടതായിരുന്നു എന്ന ചിന്ത എന്നിൽ കുറ്റബോധം ജനിപ്പിച്ചിരുന്നു.     

കാത്തിരിപ്പിനു ശേഷം  1976 ആദ്യത്തില്‍  ഒരു ദിവസം എടക്കഴിയൂര്‍  പള്ളിയില്‍ പോയി  തിരിച്ചു വരുമ്പോള്‍ ചായക്കട നടത്തിയിരുന   പീ  സീ   അബ്ദുക്കയാണ് നിന്റെ വിസ കിട്ടിയിട്ടുണ്ട്  നാളെ വന്നു വാങ്ങിക്കോ എന്ന്  പറഞ്ഞത് .ഖത്തറില്‍ ബിസിനെസ്സ് നടത്തിയിരുന്ന അഹമ്മദ്   അളിയന്‍ മുഘേനയായിരുന്നു വിസ ഏര്‍പ്പാട് ചെയ്തിരുന്നത് .അന്നുമുതല്‍ തന്നെ ഒരു  പേർഷ്യക്കാരനായി നാട്ടുകാരില്‍ പലരും എന്നെ കാണാന്‍ തുടങ്ങി. " ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്കകം  നമ്മെ വിട്ടുപോകുകയാണ് " എന്ന്  സീപിയോന്‍  എന്ന് വിളിച്ചിരുന്ന നരച്ച കൊമ്പന്മീശക്കാരൻ സീ   പീ  മുഹമ്മത്ക്ക   ഒരു പീടിക തിണ്ണയിലിരുന്നു  എന്നെ കണ്ടപ്പോള്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന ഒന്നോ രണ്ടോ വർഷം കൂടുമ്പോള്‍ മാത്രം നാട്ടില്‍ വന്നിരുന്ന   എന്റെ ഉപ്പയുടെ പ്രായമുണ്ടായിരുന്ന   അദ്ദേഹം അത് പറയുമ്പോള്‍ ഒരു പിതാവിന്റെ വിരഹ വേദന അദ്ധേഹത്തിന്റെ  വാക്കുകളില്‍ പ്രകടമായിരുന്നു ..   .    ജോലി സഹിതം  ഉള്ള വിസ ആയിരുന്നില്ല എത്തിയശേഷം അത് തേടിപ്പിടിക്കണം. ഇംഗ്ലീഷില്‍ എഴുതിയെടുത്ത  അറബി ബിരുദമാണ്   കൈ മുതലായി ഉണ്ടായിരുന്നത് . ഗള്‍ഫില്‍  എത്തിയാല്‍ ഉന്നതരുമായി  ബന്ധം  സ്ഥാപിക്കാന്‍ അറബി എനിക്ക്   സഹായകമാവുമെന്ന്  ചില സുഹ്രത്തുക്കള്‍     പറഞ്ഞു .എനിക്ക് അതിനുള്ള സാമര്‍ത്ഥ്യം ഇല്ലായിരുന്നു എന്നത് പോകട്ടെ.   അറബി  ഭാഷയിലുള്ളഎന്റെ പരിജ്ഞാനം  വെറും പരിമിതമായിരുന്നു എന്നവര്‍ക്ക് അറിയാമായിരുന്നില്ല  .

1976
 മെയ്‌  മാസത്തിലാണ് തൃശൂര്‍ നിന്ന് ബോംബയിലേക്ക് ട്രെയിന്‍ കയറിയത്. കൂട്ടിനു  ഖത്തര്‍ വിസ കിട്ടിയ നാട്ടുകാരനായ  ഒരു സുഹ്ർത്തുമുണ്ടായിരുന്നു.  തീവണ്ടി ത്രശൂർ  വിട്ടപ്പോൾ യാത്രയയക്കാൻ വന്ന വന്നവരിൽ  ലത്തീഫിന്റെ കണ്ണുകൾ നിറഞ്ഞത്‌ ഞാൻ ശ്രദ്ദിച്ചിരുന്നു   അത് മറച്ചു പിടിക്കാൻ അദ്ദേഹം ഒരു സിഗരറ്റിനു തീ  കൊളുത്തിയിരുന്നു   ബോംബയില്‍  എത്തിയപ്പോള്‍  വല്ലാത്ത അമ്പരപ്പ് തോന്നി . ബോംബെ ഒരു മഹാ  സാഗരം തന്നെ. ഒരിക്കലും  കണ്ടില്ലാത്ത കാഴ്ചകള്‍  ഗ്രാമവാസിയായ  എന്നെ അത്ഭുതപ്പെടുത്തി.    എനിക്ക് അവിടെനിന്നു കപ്പലിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. സുഹ്രത്ത് വിമാന  ടിക്കറ്റ്‌ വാങ്ങി അടുത്ത  ദിവസം തന്നെ ഖത്തറിലേക്ക്     യാത്രയായി . കപ്പല്‍ കാത്തിരുന്നു വിലപ്പെട്ട സമയം കളയാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ദോഹയില്‍ നല്ല നിലയില്‍ ജോലി ചെയ്തിരുന്ന അദ്ധേഹത്തിന്റെ അടുത്ത ബന്ധുക്കള്‍  കാത്തിരിപ്പുണ്ടായിരുന്നു 

 വടകര മൂസ ഹാജിയുടെ ലോഡ്ജില്‍ കപ്പല്‍ ടിക്കെറ്റ് കാത്തു  കഴിയുമ്പോള്‍ ആണ്   ഞാന്‍ . ആദ്യമായി ടെലിവിഷന്‍ കാണുന്നത് ..  മൂസ  ഹാജിയുടെ ലോഡ്ജില്‍  ടീവി  ഇല്ലായിരുന്നു.  തൊട്ടടുത്ത മറാത്തി  വീട്ടില്‍ ടീവി ഉണ്ടെന്നു പറഞ്ഞു   കേട്ട്  കിളി വാതിലിലൂടെ  എത്തി നോക്കിയപ്പോള്‍  ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്  ടീവി യുടെ  സ്ക്രീനിന്റെ ഒരു ചെറിയ  ഭാഗം  കണ്ടു. മറ്റൊന്നും കാണാന്‍ കഴിയുമായിരുന്നില്ല. ഞാനും ടീ വീ  കണ്ടുവെന്നു കൂട്ടുകാരുടെ മുന്നില്‍ അവകാശ വാദം ഉന്നയിച്ചു .
    
.ഒടുവില്‍ ടിക്കറ്റ്‌ കിട്ടിയത് . ദ്വാരക  എന്ന കപ്പലിനാണ്. . മെയ്‌ മൂന്നാം വാരമാനെന്നു തോന്നുന്നു. കൃത്യമായ് തീയതി ഓര്‍മ്മ വരുന്നില്ല .  ബോംബയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ കാന്റീന്‍  ഉണ്ടായിരുന്നെങ്ങിലും  പലര്‍ക്കും ചര്ധി കാരണം ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല . കടലിന്റെ മണം പലര്‍ക്കും പിടിച്ചിരുന്നില്ല .മറ്റുള്ളവര്‍ ചര്‌ധിക്കുന്നതു കാണുന്നവർക്കും ഓക്കാനം വരും .  കറാച്ചി തുറ മുഘത്താണ്പിന്നീട് കപ്പൽ  നിറുത്തിയത്  അപ്പോൾ    കോട്ടും  സൂട്ടുമിട്ട ഒരാള്‍ കപ്പലിനകത്തക്ക് കയറി  വന്നതോര്‍മയു ണ്ട് . അയാള്‍ യാത്രക്കാരനല്ലായിരുന്നു.. മദ്യം,   എവിടെക്കിട്ടും എന്നായിരുന്നു അയാള്‍ എന്നോട് ചോദിച്ചത് . കേരളം വിട്ടു തീരെ പുറത്തു പോയി താമസിച്ച്ട്ടില്ലാത്ത ലോക പരിചയം തീരെയില്ലാത്ത എന്നെ ആ ചോദ്യം  അമ്പരപ്പിച്ചത് തെല്ലൊന്നുമല്ല.  ഒരു വ്യക്തിക്ക്  ഇത്തരത്തിൽ  മറ്റുള്ളവരോട്  പെരുമാറാൻ     എങ്ങനെ  ധൈര്യം വന്നു എന്നയിരുന്നു എന്റെ അപ്പോഴത്തെ   ചിന്ത..



ഒരു മുറിയില്‍ ഒരാളെ പൂട്ടിയിട്ടതായി കണ്ടു. ചോദിച്ചപ്പോള്‍  അത് ജയിലാണ് എന്ന് മനസ്സിലായി . കപ്പലിന്റെ കഴിഞ്ഞ  യാത്രയില്‍  കുവൈറ്റില്‍ നിന്ന്  ഒരു രേഘയും ഇല്ലാതെ കപ്പലില്‍ കയറാന്‍   ശ്രമിച്ച  ആളായിരുന്നു  അദ്ദേഹം . മുറിയില്‍ പുറത്തു പോവാന്‍ സ്വതന്ത്ര്യം  ഇല്ലാതെ  തടിച്ചു കൊഴുത്തു കുടവയറന്‍ ആയി അയാള്‍ മാറിയിരുന്നു. എത്ര നാളായി അയാളെ ജയിലില്‍  അടച്ചിട്ടു  എന്ന് അറിഞ്ഞിരുന്നില്ല ...

കര കാണാത്ത  യാത്രയായിരുന്നു പിന്നീടങ്ങോട്ട്. അനന്തമായ  സമുദ്രം . മേലെ ആകാശം  താഴെ  കടല്‍ .    ഇടക്കിടെ ചില വലിയ മീനുകള്‍ വായുവിലേക്ക് ചാടിക്കളിച്ചിരുന്നു . ഡോള്‍ഫിന്‍ ആയിരുന്നു അതെന്നു പിന്നീടാണ് മനസ്സിലാക്കിയത്.  ചില യാത്രക്കാര്‍  ചൂണ്ടലിട്ടു മീന്‍ പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഏതാണ്ട്  6 ദിവസം  കഴിഞ്ഞപ്പോള്‍ കപ്പല്‍ ദുബൈ തുരമുഘത്തെത്തി .അപ്പോഴാണ് സ്വപ്ന ഭൂമി ആദ്യം നേരില്‍ കാണുന്നത് .തുറ മുഘത്ത് ചെറിയ ബോട്ടുകളും കിടന്നിരുന്നു . അതില്‍ ഒന്നില്‍ നിന്ന് നൃത്തം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ജോലിക്കാരന്റെ ചിത്രം ഓര്‍മ്മയുണ്ട് . അയാള്‍ ഇന്ത്യക്കാരനയിരുന്നില്ല അയാളുടെ ജോലിയെങ്കിലും ഖത്തറില്‍ എത്തിയാല്‍ കിട്ടിയാല്‍ മതിയായിരുന്നു എന്നായിരുന്നു അപ്പോഴത്തെ ചിന്ത.


ദുബൈയില്‍ ആളുകളെ ഇറക്കി  ഒരു ദിവസം യാത്ര ചെയ്തു കപ്പല്‍ ഖത്തറില്‍  1976ജൂണ്‍ 2 നു  എത്തി.  കപ്പലിലേക്ക് വന്നാണ് വിസയൊക്കെ ഉദ്യോഗസ്ത്തർ അടിച്ചത്. എന്റെ പാസ്പോർട്ടിൽ  വിസയടിച്ച   മലയാളിയായ  ഉദ്യോഗസ്ത്തന്റെ    ചിത്രം ഇപ്പോഴും  മനസ്സിലുണ്ട്  പുറത്തിറങ്ങിയപ്പോള്‍   പൊള്ളുന്ന  വെയിലില്‍ അളിയന്‍ കാത്തു നിന്നിരുന്നു.  ഭക്ഷണം ഒന്നും കാര്യമായി  കഴിക്കാതെ തീരെ പരവശനായിരുന്നു അന്ന്  . അളിയനോടൊപ്പം അജ്മീരിയ്യ ഹോട്ടലില്‍ കയറി കഴിച്ച ഉച്ചയൂണിനു  വല്ലാത്ത രുചിയായിരുന്നു  .പിന്നീടാണ്‌ അറിഞ്ഞത് ആ കപ്പലിന്റെ  അവസാന യാത്രയിരുന്നു  അതെന്നു. വളരെ പഴയതായിരുന്നു  അത് . യാത്രക്കിടയില്‍ കപ്പലിന് ചോർച്ചയുണ്ടായത് യാത്ത്രക്കാരെ അസ്വസ്തരാക്കിയിരുന്നു .പിന്നീടു കപ്പല്‍ യാത്രക്ക് അവസരമുണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്.  ഇങ്ങോട്ടുള്ള യാത്രയില്‍ മനസ്സില്‍ മറ്റു വേവലാതികള്‍ ആയിരുന്നു .അത് കാരണം ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഇന്നാണെങ്കില്‍ കടലിന്റെ ശാന്തതയും ഇരമ്പലും  എല്ലാം ഒപ്പിയെടുക്കാന്‍ കഴിയുമായിരുന്നു . സംഭവിക്കാന്‍ സാധ്യത ഇല്ലെങ്കിലും അതിനു വേണ്ടി കതിരിക്കല്‍ രസകരമാണ് .

 38 വർഷങ്ങൾ കഴിഞ്ഞിട്ടും ഖതരിന്റെ  
അതിഥിയായി   കഴിയുന്നു.ഒറ്റക്കല്ല എന്ന സമാധാനമുണ്ട്. നാട്ടില്‍ ലീവിന് ചെല്ലുമ്പോള്‍ ചിലര്‍   അത്മാർത്ഥമായി    തിരിച്ചു പോരാരായില്ലേ എന്ന് ചോദിക്കരിക്കാറുണ്ട് . സമയമായില്ല പോലും എന്നാണ് മറുപടി പറയാറ്. സമ്പാദിച്ചത്  മതിയായില്ലേ എന്നാണ് മറ്റു ചിലർക്കറിയേണ്ടത്.. ഒരിക്കല്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട  ഒരു സുഹ്രത്തിന്റെ സംസ്ക്കാരത്തിനിടെ പരിചയരിൽ ഒരാൾ യാത്ര നിറുത്തിയിട്ടില്ലേ എന്ന് ചോദിച്ചു . ഇല്ല എന്ന് പറഞ്ഞപ്പോള്‍  അടുത്തിരുന്ന ആളെ നോക്കി പറഞ്ഞു "  ചിലര്‍ക്ക് എത്ര സമ്പാദിച്ചാ ലും  . അത്യാഗ്രഹം തന്നെ" . കേട്ടിരുന്ന വ്യക്തി  എന്റെ “സമ്പാദ്യത്തെ സംബന്ധിച്ചു”  ഏറെക്കുറെ അറിയാവുന്ന വ്യക്തി ആയതിനാൽ " നിങ്ങൾ ഒന്നും പ്രതികരിക്കുന്നില്ലേ"  എന്ന മട്ടിൽ എന്നെ നോക്കി എന്നിട്ടും ഞാന്‍   ഒന്ന് മിണ്ടിയില്ല മൌനം വിദ്വാനു ഭൂഷണം . ഒരുവലിയ കാര്യം പറഞ്ഞു എന്ന ധാരണയിൽ  പ്രസ്തുത വ്യക്തി എന്റെ ചെലവിൽ അഭിമാനം കൊള്ളുകയാണെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി വിട്ടു കൊടുത്തു   . 
 (2013 ൽ    മാധ്യമം ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ  പുതിയ പതിപ്പ്     )   




http://www.cyberjalakam.com/aggr/refresh_feed.php?bid=7927

1 comment: