ദോഹ കോര്‍ണിഷില്‍ നിന്നാല്‍ തൊട്ടടുത്തെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങള്‍ കാണാന്‍ എളുപ്പമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സായാഹ്നങ്ങളില്‍ ഈ വിമാനങ്ങള്‍ നോക്കി നില്‍ക്കലായിരുന്നു എന്‍െറ പ്രധാന പണി. ലക്ഷ്യം വിമാന നിരീക്ഷണമൊന്നുമല്ല. ഓരോ വിമാനവും പറന്നുയരുമ്പോഴും അതിനകത്തെ ഭാഗ്യവാന്മാരെ പോലെ എന്നാണ് എനിക്ക് നാട് കാണാന്‍ കഴിയുക എന്നോര്‍ത്ത് സങ്കടപ്പെടും. മനസില്‍ ആരോടെന്നില്ലാത്ത പരിഭവവും വേദനയും ഉടലെടുക്കും. പട്ടം പറപ്പിക്കുന്ന ഒരു ബാലനെപ്പോലെ വിമാനത്തോടൊപ്പം നാട്ടിലേക്ക് എന്‍െറ മനസിനെ പറത്തിവിടും. കടിഞ്ഞാണില്ലാതെ ഒരു ധിക്കാരിയെ പോലെ അത് നാട്ടിലേക്ക് കുതിക്കും.
ഭാസ്കരന്‍ മാഷ് കുറിച്ചിട്ട പോലെ അന്ന് ‘നാളികേരത്തിന്‍െറ നാട്ടില്‍ എനിക്കുമൊരു നാഴി ഇടങ്ങഴി മണ്ണുണ്ടായിരുന്നു. അതില്‍ നാരായണക്കിളി കൂട് പോലുള്ളൊരു നാലുകാല്‍ ഓലപ്പുരയും ഉണ്ടായിരുന്നു’. .പക്ഷെ ‘നോമ്പും നൊറ്റെന്നെ കാത്തിരിക്കാന്‍ വാഴക്കൂമ്പ് പോലൊരു പെണ്ണ്’ അന്ന് ഉണ്ടായിരുന്നില്ല. പകരം എന്നെ കാത്തിരിക്കാന്‍, ഉപ്പയും രോഗിയായ ഉമ്മയും ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ അനുജനും മാത്രം, പുറമെ ഭര്‍ത്താവിനും കൊച്ചു മകൾക്കൊപ്പം കഴിയുമ്പോഴും എന്നെ ഓര്‍ത്തു വിഷമിച്ചിരുന്ന സഹോദരിയുമുണ്ട്.
70 കളുടെ അവസാനം. ദോഹയില്‍ എത്തിയിട്ട് അന്ന് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. നാട്ടില്‍ പോകാന്‍ എന്ന് കഴിയുമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. കടപ്പുറത്ത് ഇരുന്ന് ചക്രവാളത്തിലേക്ക് നോക്കി എന്‍െറ ഗ്രാമവും വീടും ഏതു ദിക്കിലായിരിക്കും എന്ന് സങ്കല്‍പിച്ച് മനസില്‍ പടം വരക്കാന്‍ ശ്രമിക്കുമായിരുന്നു. അക്കാലത്ത് പ്രവാസിക്ക് ഉറ്റവരും ഉടയവരുമായി അനുഭവപ്പെട്ടിരുന്ന വേര്‍പാടിന്‍െറ ദൂരം അളക്കാന്‍ പറ്റാത്തതായിരുന്നു.
വിവാഹിതനായ ശേഷം എന്‍െറ ‘വാഴക്കൂമ്പി’നെ കടിഞ്ഞൂല്‍ പ്രസവത്തിനായി പൊന്നാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ ടെലിഫോണ്‍ വിരളമായ അക്കാലത്ത് നാട്ടിലെ ഒരു നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അന്നൊക്കെ അന്താരാഷ്ട്രകാള്‍ ബുക്ക് ചെയ്ത് കാത്തിരിക്കണം. മണിക്കൂറുകള്‍ കാത്തിരുന്നാലും കിട്ടിയെന്നു വരില്ല.
ഇത്തരം അവസരങ്ങളില്‍ നാട്ടിലെ വിവരത്തിനായി കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. അന്ന് ഖത്തറിലെ ടെലിഫോണ്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അലി സാഹിബിനോട് ലൈന്‍ കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്ന് തിരക്കി. അദ്ദേഹം ശ്രമിക്കാം എന്ന് സമ്മതിച്ചു. അലി സാഹിബിന്‍െറ അശ്രാന്ത പരിശ്രമത്തില്‍ ഒരു മണിക്കൂറോ മറ്റോ കാത്തിരുന്ന ശേഷം ലൈന്‍ കിട്ടി. പക്ഷെ അരമിനിറ്റ് സംസാരിക്കുമ്പോഴേക്ക് ലൈന്‍ കട്ടായി. അതോടെ ടെന്‍ഷന്‍ കൂടി. വിളിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. എങ്കിലും ഇന്നും അലി സാഹിബിനെ കാണുമ്പോള്‍ വിലപ്പെട്ട ‘അരമിനിറ്റ്’ ഒരുക്കി തന്നത് നന്ദിയോടെ ഓര്‍ക്കാറുണ്ട്. പക്ഷെ, നന്ദി ഇതുവരെ പുറത്തു പ്രകടിപ്പിച്ചിട്ടില്ളെന്ന് മാത്രം.
കുടുംബം അക്കരെയും, ഞാന്‍ ഇക്കരയുമായി കഴിയുന്ന അവസരത്തില്‍ ഒരിക്കല്‍ സുഹൃത്ത് ലത്തീഫിനു ഞാന്‍ യേശുദാസ് ആലപിച്ച ‘ അകലെ, അകലേ നീലാകാശം’ എന്ന ഗാനം ഉദ്ധരിച്ചു കത്തെഴുതിയത് ഓര്‍മ്മയുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് എന്‍െറ സ്വപ്നങ്ങള്‍, ഞാനും എന്‍െറ ഗ്രാമവും തമ്മിലുള്ള ദൂരത്തേക്കാള്‍ ഏറെ അകലെയാണ് എന്നാണ്. ഒരു സാധാരണക്കാരന്‍െറ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ മാത്രം ആയിരുന്നു എന്‍േറത്. വലിയ സ്വപ്നങ്ങള്‍ കാണാന്‍ അറിയില്ലായിരുന്നു. കത്ത് കിട്ടിയപ്പോള്‍ അദ്ദേഹത്തിനു കാര്യം മനസ്സിലായി. സമാധാനിപ്പിച്ചു കൊണ്ട് മറുപടി വന്നു . ദൈവം തമ്പുരാന്‍ നമ്മോടൊപ്പം ഉണ്ടെന്നും പിന്നെ എന്തിനു വിഷമിക്കുന്നു എന്നുമായിരുന്നു അദ്ദേഹം എഴുതിയത്. സ്വന്തം നാട്ടില്‍ വിനോദ സഞ്ചാരിയെപ്പോലെ ഒന്നോ രണ്ടോ മാസം ചെലവഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണല്ളോ പ്രവാസികളില്‍ പലരും. വര്‍ഷത്തില്‍ ഒരിക്കലോ, രണ്ടുവര്‍ഷത്തിലൊരിക്കലോ ആണ് നാട്ടില്‍ പോകാന്‍ അവര്‍ക്ക് കഴിയുക . ഇവിടെ നിന്ന് ബോംബെയിലേക്കും അവിടെനിന്ന് ആടി ഉലയുന്ന ചെറുവിമാനത്തില്‍ മൂന്ന് മണിക്കൂറിലേറെ യാത്ര ചെയ്തും വേണം അക്കാലത്ത് കൊച്ചിയിലത്തൊന്‍. നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ ഉദ്ദേശിച്ച സമയത്ത് വീട്ടില്‍ എത്തുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല . ദോഹയില്‍ നിന്ന് വിമാനം വൈകിയാല്‍ ബോംബെയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം കിട്ടില്ല. പലരും ബോംബെയില്‍ നിന്ന് കേരളത്തിലേക്ക് ബസ്സിനെയാണ് ആശ്രയിക്കാറ്. യാത്രക്കിടെ കൊള്ളയടിക്കപ്പെടുന്നത് പതിവായിരുന്നു. മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലാണ് വീട്ടിലത്തെുക. ഒന്നോ രണ്ടോ മാസമാണ് കുടുംബവുമായി ചെലവഴിക്കാന്‍ കിട്ടുക. നാട്ടിലത്തെി ഏതാനും ദിവസങ്ങള്‍ക്കകം തിരിച്ചുപോകുന്നതിനെ കുറിച്ച ചിന്ത അവരെ പിടികൂടിയിരിക്കും.
വര്‍ഷങ്ങള്‍ക്കു മുമ്പത്തെ കഥയാണിത്. സാങ്കേതിക വിപ്ളവം പ്രവാസിക്കും കുടുംബത്തിനുമിടയിലെ ദൂരം കുത്തനെ വെട്ടിക്കുറച്ചിരിക്കുന്നു . ഇന്ന് എല്ലാം വിരല്‍തുമ്പില്‍. എന്നിട്ടും എന്തിന്‍െറയോ അഭാവവും എന്തൊക്കെയോ നഷ്ടപ്പട്ടിട്ടുണ്ടെന്ന തോന്നലും അവരെ അലട്ടുന്നില്ളേ? ഗള്‍ഫില്‍ കുടുംബത്തോടൊപ്പം താമസിക്കുമ്പോഴും നാട്ടില്‍ പോയി വന്നാല്‍ ‘നാട് തിരിച്ചു വിളിക്കുന്നു, നാട്ടില്‍ നിന്ന് കൊതി തീര്‍ന്നിട്ടില്ല’ എന്ന് പലരും പറയാറുണ്ട്. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയി വന്നപ്പോള്‍ എന്തോ മറന്നു വെച്ചപോലെയുള്ള ഒരു പ്രതീതി. എന്‍െറ ഗ്രാമവും, സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഗ്രാമീണരും മനസില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.
തെങ്ങുകള്‍, കുളങ്ങള്‍, കുളവാഴകള്‍, പൂവിട്ടു നില്‍ക്കുന്ന മാവുകള്‍, ചക്കകളുടെ ഭാരം താങ്ങാനാവാത്ത വയോവൃദ്ധരായ പ്ളാവുകള്‍, പൂര്‍ണ ഗര്‍ഭിണിയെ പോലെ നിറ വയറുള്ള കായകള്‍ പേറി നില്‍ക്കുന്ന പപ്പായ മരങ്ങള്‍, മഞ്ഞ മുളകള്‍, കുലച്ചു നില്‍ക്കുന്ന വാഴകള്‍, ‘എഴുന്നേല്‍ക്കൂ, മതി ഉറങ്ങിയത് നേരം വെളുത്തിരിക്കുന്നു’ എന്ന് പാടുന്ന കുയിലുകള്‍, കദളി വാഴ കൈയിലിരുന്ന് വിരുന്നു വിളിക്കുന്ന കാക്കകള്‍ ഇവയുടെയെല്ലാം അഭാവമുണ്ട് ഗള്‍ഫ് മലയാളിയുടെ ഓരോ ദിവസത്തിലും. കുഞ്ഞുങ്ങളുമായി അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കുന്ന തള്ള കോഴികള്‍, തങ്ക തൂവലുള്ള സുന്ദരന്‍ പൂവന്‍ കോഴികള്‍, പഴുത്തു നില്‍ക്കുന്ന മാങ്ങകള്‍, ഐനി ചക്കയും ഞാവല്‍ പഴങ്ങള്‍ എന്നിവ തിരിച്ചുവിളിക്കുന്നു. വീട്ടു മുറ്റത്തു ഓടിക്കളിക്കുന്ന പശുക്കുട്ടിയെ തലോടാന്‍ വല്ലാത്ത മോഹം. തള്ള ആടിന്‍െറ പാല്‍ കുടിച്ച ശേഷം ആഹ്ളാദത്തോടെ ഉല്ലസിക്കുന്ന ആട്ടിന്‍ കുട്ടികള്‍ക്കൊപ്പം ഓടി തിമിര്‍ക്കാനുമുണ്ട് മോഹം.
നാട്ടിലെ ചില പ്രത്യേക വ്യക്തികളുടെ അഭാവം വല്ലാതെ ആലോരസപ്പെടുത്താറുണ്ട്. 80 കഴിഞ്ഞിട്ടും കുടുംബിനികളെ സഹായിക്കാന്‍ പല വീടുകളിലും ഓടിയത്തെുന്ന ബീവാത്ത. വീട്ടുജോലി കൂടാതെ പീടികയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ പോലും അവരുണ്ടാകും. സഹായങ്ങള്‍ക്ക് പ്രതിഫലം കൊടുത്താലും കൊടുത്തില്ളെങ്കിലും ബീവാത്തക്ക് പരാതിയില്ല.
സുഖമില്ല എന്നറിഞ്ഞ് കഴിഞ്ഞതവണ കാണാന്‍ ചെന്നപ്പോള്‍ ‘നൂറുവയസാവാന്‍ ഇനി ഒരു കൊല്ലം കഴിഞ്ഞാല്‍ മതി’ എന്ന് പറഞ്ഞു പുഞ്ചിരി കൊണ്ട് എന്നെ സ്വീകരിച്ച മുല്ലക്കോയ തങ്ങള്‍, റോഡ് മുറിച്ചു കടക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് ഓര്‍മിപ്പിക്കുന്ന എന്‍െറ നല്ലവരായ നാട്ടുകാര്‍, മോനെ എന്ന് വിളിച്ചു പിതാവിന്‍െറ അഭാവം നികത്തുന്ന പ്രായം ചെന്നവര്‍. ഇവരുടെയൊക്കെ അഭാവം ഗള്‍ഫ് ജീവിതത്തിന്‍െറ സുഖം കുറക്കുന്നുണ്ട്. മാനസികരോഗി എന്ന് മറ്റുള്ളവര്‍ മുദ്രകുത്തിയ, മുഷിഞ്ഞ വേഷത്തില്‍ ഗ്രാമത്തില്‍ ചുറ്റി നടക്കുന്ന മധ്യവയസ്ക എന്നെ കാണുമ്പോള്‍ സ്വന്തം സഹോദരിയുടെ എല്ലാ അവകാശങ്ങളും ധ്വനിപ്പിക്കുന്ന വിധം ‘ഇക്കാക്കാ..’ എന്ന് വിളിച്ചു അടുത്ത് വരും. അവരുമുണ്ട്എന്‍െറ മനസില്‍.
ചെറുപ്പത്തില്‍ എന്നെ മടിയിലിരുത്തി അക്ഷരങ്ങള്‍ പഠിപ്പിക്കുകയും, പിന്നീട് യു.പി. സ്കൂളില്‍ എന്‍െറ ഹിന്ദി അധ്യാപകനുമായിരുന്ന എന്‍െറ പ്രഹ്ളാദന്‍ മാസ്റ്റര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന സന്തോഷം പങ്കുവെക്കണമെന്ന് ആഗ്രഹിച്ചാണ് ഈ കുറിപ്പ് എഴുതാനിരുന്നത്. എന്നാല്‍, എഴുതി തീരുന്നതിന് മുമ്പ് അദ്ദേഹവും വിട പറഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയത്തെി.
നാട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോള്‍ അധികം സംസാരിച്ചു ഇരിക്കാന്‍ കഴിയാറില്ല. ഹൃദ്രോഗം കാരണം സംസാരിക്കുന്നതില്‍ നിന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിലക്കിയിട്ടുണ്ടെന്നാണ് മാസ്റ്ററുടെ ഭാര്യ പറഞ്ഞത്. എങ്കിലും കാണുമ്പോഴെല്ലാം അദ്ദേഹം വാചാലനാവും സംസാരം നിര്‍ത്തില്ല. ഗുരുനാഥന്‍െറ ആയുസിനെ കരുതി ഞാന്‍ വേഗം സ്ഥലം വിടാറാണ് പതിവ്. വിദ്യാര്‍ഥിയായിന്ന കാലത്തെന്ന പോലെ അദ്ദേഹം ‘മുഹമ്മദേ..’ എന്ന് വിളിക്കുന്നത് എന്‍െറ മനസിന് വല്ലാത്തൊരു ധൈര്യം തന്നിരുന്നു. പഠിപ്പിച്ച ഗുരുനാഥന്മാരില്‍ ഇനിയാരും ജീവിച്ചിരിപ്പില്ളെന്ന നൊമ്പരം കൂടി സമ്മാനിച്ചാണ് പ്രഹ്ളാദന്‍ മാസ്റ്ററുടെ വിയോഗം. അക്ഷരം കൊണ്ട് അക്ഷയഖനികളുടെ വാതില്‍ എനിക്കായി തുറന്നതന്ന ഗുരുവര്യരേ..പകരം തരാന്‍ ഇനി കണ്ണിലെ അശ്രുകണങ്ങളും ചുണ്ടിലെ പ്രാര്‍ഥനകളും മാത്രം
(16/6/2013 നു മാധ്യമം ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ലേഘനം)
http://www.cyberjalakam.com/aggr/refresh_feed.php?bid=7927
(16/6/2013 നു മാധ്യമം ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ലേഘനം)
http://www.cyberjalakam.com/aggr/refresh_feed.php?bid=7927